വിമർശനങ്ങളോടുള്ള ക്രിസ്തീയ സമീപനം

വിമർശനങ്ങളോടുള്ള ക്രിസ്തീയ സമീപനം

ജിക്സൻ ജെയിംസ്
ജിക്സൻ ജെയിംസ്

വിമർശനങ്ങൾ എന്നത് മനുഷ്യജീവിതത്തിന്റെ അനിവാര്യ ഘടകമാണ്. കുടുംബത്തിലും, സഭയിലും, സമൂഹത്തിലും, ജോലിസ്ഥലങ്ങളിലും ഒരാളുടെ പ്രവർത്തനങ്ങളെയും സ്വഭാവത്തെയും കുറിച്ച് മറ്റുള്ളവർ അഭിപ്രായങ്ങൾ പറയുന്നതു സ്വാഭാവികമാണ്. നല്ല കാര്യങ്ങൾ ചെയ്താലും, തെറ്റുകൾ സംഭവിച്ചാലും, ആളുകൾ അഭിപ്രായങ്ങൾ പറയും. ചില വിമർശനങ്ങൾ നമ്മെ തകർക്കുന്നതായിരിക്കാം, എന്നാൽ ചിലത് നമ്മെ തിരുത്തുകയും വളർത്തുകയും ചെയ്യുന്നു.

മനുഷ്യൻ സ്വയം നല്ലവനാണെന്ന് കരുതാൻ ആഗ്രഹിക്കുന്നതിനാൽ വിമർശനം കേൾക്കുമ്പോൾ മനസ്സിൽ വേദന, കോപം, അപമാനം, പ്രതിരോധ മനോഭാവം എന്നിവ ഉണ്ടാകാം. എന്നാൽ പക്വതയുള്ള വ്യക്തി വിമർശനത്തെ ആത്മപരിശോധനയ്ക്കുള്ള അവസരമാക്കും. ഒരു ജ്ഞാനിയായ വ്യക്തി വിമർശനത്തിൽ നിന്നും പാഠം പഠിക്കും; അജ്ഞാനി അതിനെ വൈരാഗ്യമായി കാണും. അതുകൊണ്ട് വിമർശനത്തെ ശരിയായ മനോഭാവത്തോടെ കൈകാര്യം ചെയ്യുന്നത് വ്യക്തിത്വ വളർച്ചയ്ക്കും ആത്മീയ പുരോഗതിക്കും അനിവാര്യമാണ്. നമ്മുടെ കർത്താവായ യേശുക്രിസ്തു തന്നെ ലോകത്തിൽ വച്ചു ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട മഹാനായിരുന്നു; എങ്കിലും അവിടുന്ന് ഒരിക്കലും പ്രതികാര മനോഭാവം കാണിച്ചില്ല, പിതാവിന്റെ ഇഷ്ടം മാത്രം അന്വേഷിച്ചു.

  1. വിമർശനത്തിന്റെ മനഃശാസ്ത്ര വശങ്ങൾ

മനഃശാസ്ത്രപരമായി നോക്കുമ്പോൾ വിമർശനം മനുഷ്യന്റെ വികാരങ്ങളെയും ആത്മവിശ്വാസത്തെയും ശക്തമായി സ്വാധീനിക്കുന്നു. വിമർശനം കേൾക്കുമ്പോൾ സാധാരണ ഉണ്ടാകുന്ന മാനസിക പ്രതികരണങ്ങൾ: കോപം, നിരാശ, ആത്മവിശ്വാസക്കുറവ്, പ്രതികാരചിന്ത, സ്വയം ഒറ്റപ്പെടൽ എന്നിവയാണ്. എന്നാൽ മനഃപക്വതയുള്ള വ്യക്തി വിമർശനത്തെ ആത്മവികസനത്തിനുള്ള അവസരമാക്കും.

“ഓരോ വിമർശനവും ആക്രമണമല്ല; ചില വിമർശനങ്ങൾ വളർച്ചയ്ക്കുള്ള ക്ഷണമാണ്.”

  1. വിമർശനത്തിന്റെ രണ്ടു വിഭാഗങ്ങൾ

A. Destructive Criticism (വിനാശകരമായ വിമർശനം)

ഇത് വ്യക്തിയെ തകർക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചുള്ള വിമർശനമാണ്. ഇതിന്റെ ലക്ഷണങ്ങൾ: പരിഹാസം, വ്യക്തിപരമായ ആക്രമണം, അപമാനിക്കൽ, കോപത്തോടെ സംസാരിക്കൽ, അസൂയയും വൈരാഗ്യവും.

ഇതിനെ എങ്ങനെ നേരിടാം?

  1. വിമർശനം നാശകരമാണോ എന്ന് പരിശോധിക്കുക: ആളിന്റെ സംസാരശൈലി കടുപ്പമുള്ളതായാലും, അതിലുള്ള സത്യവും പ്രയോജനവും കണ്ടെത്താൻ ശ്രമിക്കണം. തിരുവെഴുതത്തിൽ പറയുന്നു: “ശാസന കേൾക്കുന്ന ചെവി ജ്ഞാനികളുടെ ഇടയിൽ പാർക്കും” (സദൃശവാക്യം 15:31).

  2. പ്രതിവാദം വേഗത്തിൽ നടത്തരുത്: വിമർശനം കേൾക്കുമ്പോൾ ഉടനെ കോപത്തോടെ പ്രതികരിക്കുന്നത് പ്രശ്നങ്ങൾ വർധിപ്പിക്കും. ശാന്തമായി കേൾക്കുകയും വിഷയത്തിൻ്റെ ഗൗരവം അനുസരിച്ച് ചിന്തിക്കയും അതിന്നു ശേഷം മാത്രം പ്രതികരിക്കുന്നത് നന്നായിരിക്കും . “കേൾപ്പാൻ വേഗതയും, സംസാരിപ്പാൻ താമസവും, കോപിപ്പാൻ താമസവും ഉള്ളവനായിരിക്കട്ടെ” (യാക്കോബ് 1:19.

  3. ഉദ്ദേശ്യം മനസ്സിലാക്കുക: ചിലർ നമ്മുടെ നന്മക്കായി സത്യസന്ധമായി തെറ്റുകൾ ചൂണ്ടിക്കാണിക്കും. “സ്നേഹിതന്റെ മുറിവുകൾ വിശ്വസ്തമാണ്” (സദൃശവാക്യം 27:6).

  4. ചോദ്യങ്ങൾ ചോദിക്കുക: വാദമല്ല, സംവാദം ആരംഭിക്കുക. “എനിക്ക് എങ്ങനെ മെച്ചപ്പെടാം?” എന്ന് ചോദിക്കുക.

  5. ആവശ്യമില്ലാത്തത് അവഗണിക്കുക: ചില വിമർശനങ്ങൾ വെറും അപമാനത്തിനായിരിക്കും. “ഭോഷന്റെ ഭോഷത്വം പോലെ അവനോടു ഉത്തരം പറയരുത്” (സദൃശവാക്യം 26:4).

  6. വ്യക്തിപരമായി എടുക്കരുത്: മറ്റൊരാളുടെ പരുഷവും പരുക്കനുമായ സംസാരശൈലി നമ്മുടെ വ്യക്തിത്വത്തിന്റെ അളവുകോൽ അല്ല. അവരുടെ വാക്കുകൾ നമ്മുടെ മൂല്യത്തെ നിർണയിക്കുന്നതുമല്ല. ആ വാക്കുകൾ നമ്മുടെ മനോബലവും ആത്മവിശ്വാസവും നശിപ്പിക്കാൻ അവസരം കൊടുക്കരുത്. വിവേകത്തോടെ പ്രതികരിക്കുകയും ഹൃദയസമാധാനം കാത്തുസൂക്ഷിക്കുകയും ചെയ്യുക.

  7. ദൈവത്തിൽ ആത്മവിശ്വാസം വെക്കുക: മനുഷ്യർ നമ്മെ തകർക്കാനോ നിരുത്സാഹപ്പെടുത്താനോ വിമർശിക്കുമ്പോൾ, നാം ദൈവത്തിൽ ആത്മവിശ്വാസം വെക്കുക. മനുഷ്യരുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും മാറിക്കൊണ്ടിരിക്കും; എന്നാൽ ദൈവത്തിന്റെ വിലയിരുത്തൽ ശാശ്വതവും സത്യവുമാണ്. മനുഷ്യർ പുറമേയുള്ളത് നോക്കുന്നു, എന്നാൽ ദൈവം ഹൃദയത്തെ നോക്കുന്നു. അതുകൊണ്ട് മനുഷ്യരുടെ വിമർശനങ്ങളാൽ തളരാതെ, ദൈവം നമ്മെക്കുറിച്ച് പറയുന്നതിൽ ഉറച്ചുനിൽക്കുക.

B. Constructive Criticism (സൃഷ്ടിപരമായ വിമർശനം)

ഇത് വ്യക്തിയെ തിരുത്താനും വളർത്താനുമുള്ള വിമർശനമാണ്. ലക്ഷണങ്ങൾ:

തെറ്റുകളെ സ്നേഹത്തോടെ ചൂണ്ടിക്കാണിക്കുക, അവയെ തിരുത്താൻ വ്യക്തമായ നിർദ്ദേശങ്ങൾ നൽകുക, പ്രാർത്ഥനയും പ്രോൽസാഹനവും നൽകി സഹായിക്കുക, വളർച്ച ലക്ഷ്യമാക്കുക ,.

ഇത് എങ്ങനെ സ്വീകരിക്കണം?

  1. വളർച്ചയുടെ മനോഭാവം സ്വീകരിക്കുക: മറ്റുള്ളവരുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും വളർച്ചയ്ക്കും വിജയത്തിനും അനിവാര്യമാണ്.

  2. വിനയത്തോടെ കേൾക്കുക: തിരുത്തലുകൾ കേൾക്കാൻ തയ്യാറാകുന്നവരാണ് യഥാർത്ഥ ജ്ഞാനികൾ.

  3. ആത്മപരിശോധന നടത്തുക: വിമർശനത്തെ വ്യക്തിത്വവുമായി കലർത്തരുത്. തെറ്റുകൾ ഉണ്ടായാലും അത് നിങ്ങളുടെ മുഴുവൻ കഴിവില്ലായ്മയെ സൂചിപ്പിക്കുന്നില്ല.

  4. വിമർശകനെ വിമർശനത്തിൽ നിന്ന് വേർതിരിക്കുക: നമുക്ക് ഇഷ്ടമില്ലാത്തവരിൽ നിന്നും പോലും ചില നല്ല നിർദ്ദേശങ്ങൾ ലഭിക്കാം.

  5. പൂർണ്ണതയല്ല, പുരോഗതിയാണ് ലക്ഷ്യം: ആരും പൂർണ്ണരല്ല. എന്നാൽ ദിവസേന മെച്ചപ്പെടാൻ ശ്രമിക്കണം.

  6. പ്രാവർത്തികമാക്കുക: വിമർശനത്തിൽ നിന്നുള്ള നല്ല നിർദ്ദേശങ്ങൾ ജീവിതത്തിൽ നടപ്പിലാക്കണം. “പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായൻ” (സദൃശവാക്യം 12:1).

  7. ബൈബിളിൽ ഘോര വിമർശനങ്ങളെ വിജയിച്ച വ്യക്തികൾ

A. നെഹെമ്യാവ് – പരിഹാസത്തെ അതിജീവിച്ച നേതാവ്

യെരൂശലേം മതിൽ പണിയുമ്പോൾ സൻബല്ലത്തും തോബീയാവും നെഹെമ്യാവിനെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തു: “അവർ പണിയുന്നതു കുറുക്കൻ കയറിയാലും ഇടിഞ്ഞുപോകും” (നെഹെമ്യാവ് 4:3). എന്നാൽ നെഹെമ്യാവ് വിമർശനത്തിൽ തകർന്നില്ല. അവൻ പ്രാർത്ഥിക്കുകയും ജോലി തുടരുകയും ചെയ്തു. നെഹെമ്യാവിൽ നിന്നും പഠിക്കേണ്ടത്: വിമർശനം വന്നാലും ദൗത്യം നിർത്തരുത്. ദൈവവിളി മനുഷ്യരുടെ അഭിപ്രായത്തെക്കാൾ വലുതാണ്.

B. ദാവീദ് – അപമാനത്തെ ആത്മീയ വിജയമാക്കിയവൻ

ശിമെയി ദാവീദിനെ ശപിക്കുകയും കല്ലെറിയുകയും ചെയ്തു (2 ശമൂവേൽ 16:5-13). ദാവീദിന് പ്രതികാരം ചെയ്യാമായിരുന്നു. പക്ഷേ അവൻ ശാന്തനായി നിന്നു. അവൻ പ്രതികാര മനോഭാവം കാണിച്ചില്ല; ദൈവം ഇതിലൂടെ എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടോ എന്ന് ചിന്തിച്ചു. ആത്മീയ പക്വതയുള്ളവർ എല്ലാ വിമർശനങ്ങൾക്കും പ്രതികാരം ചെയ്യില്ല.

  1. വിമർശനത്തിന്റെ പ്രായോഗിക വശങ്ങൾ

വിമർശനം കേൾക്കുന്നത് എളുപ്പമല്ല. എന്നാൽ ജീവിതത്തിലെ എല്ലാ മേഖലകളിലും വിമർശനം ഒരു യാഥാർത്ഥ്യമാണ്. അതിനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ പഠിച്ചാൽ അത് വ്യക്തിത്വ വളർച്ചയ്ക്കും ആത്മീയ പക്വതയ്ക്കും വലിയ സഹായമാകും.

A. കുടുംബജീവിതത്തിൽ വിമർശനം

കുടുംബത്തിൽ ഭർത്താവും ഭാര്യയും മാതാപിതാക്കളും മക്കളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. സ്നേഹമില്ലാതെ പറയുന്ന വിമർശനം കുടുംബബന്ധങ്ങളെ തകർക്കും; എന്നാൽ സ്നേഹത്തോടെ പറയുന്ന തിരുത്തൽ കുടുംബത്തെ ശക്തമാക്കും. “നീ ഒരിക്കലും ശരിയാവില്ല” എന്നത് നാശകര വിമർശനമാണ്. “ഇത് ഇങ്ങനെ ചെയ്താൽ കൂടുതൽ നന്നാകും” എന്നത് സൃഷ്ടിപര വിമർശനമാണ്. “കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു”.(എഫെസ്യർ 4:29).

B. സഭയിലെ വിമർശനം

സഭയിൽ ശുശ്രൂഷ ചെയ്യുന്നവരും വിമർശനങ്ങൾ നേരിടും. ചിലപ്പോൾ അസൂയ, അഭിപ്രായവ്യത്യാസം, തെറ്റിദ്ധാരണ എന്നിവ വിമർശനത്തിന് കാരണമാകും. സഭയിൽ വിമർശനം കൈകാര്യം ചെയ്യേണ്ട വിധം: ആത്മീയ പക്വതയോടെ കേൾക്കുക; സത്യമുള്ള ഭാഗം സ്വീകരിക്കുക; അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടരുത്; പ്രാർത്ഥനയിൽ ദൈവസന്നിധിയിൽ കാര്യങ്ങൾ വയ്ക്കുക; ശുശ്രൂഷ നിർത്തരുത്; വിനയത്തോടെ ആത്മപരിശോധന നടത്തുക. “ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നവനോ ദൈവത്തെ പ്രസാദിപ്പിക്കുന്നവനോ?” (ഗലാത്യർ 1:10).

C. ജോലിസ്ഥലത്ത് വിമർശനം

ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും അഭിപ്രായങ്ങൾ കേൾക്കേണ്ടി വരും. നല്ല സമീപനം: വിമർശനത്തെ വ്യക്തിപരമായ ആക്രമണമെന്നു കരുതരുത്; മെച്ചപ്പെടുത്താനുള്ള അവസരമായി കാണുക; വികാരാധീനമായി പ്രതികരിക്കരുത്; പ്രൊഫഷണൽ മനോഭാവം പുലർത്തുക; തെറ്റുകൾ തിരുത്താൻ തയ്യാറാകുക; വിമർശനത്തെ അനുഭവപാഠമാക്കുക. “ശാസന നിരസിക്കുന്നവന് ദാരിദ്ര്യവും ലജ്ജയും; ശാസന കൈക്കൊള്ളുന്നവന് മഹത്വവും” (സദൃശവാക്യം 13:18).

D. സോഷ്യൽ മീഡിയ കാലത്തെ വിമർശനം

ഇന്ന് സോഷ്യൽ മീഡിയയിലൂടെ ആളുകൾ വളരെ വേഗത്തിൽ വിമർശിക്കുകയും വിധിക്കുകയും ചെയ്യുന്നു. പലരും യാഥാർത്ഥ്യം അറിയാതെ അഭിപ്രായങ്ങൾ പറയാറുണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: എല്ലാ അഭിപ്രായങ്ങൾക്കും മറുപടി പറയേണ്ടതില്ല; ഓൺലൈൻ വിമർശനങ്ങളെ ഹൃദയത്തിൽ സൂക്ഷിക്കരുത്; അപമാനകരമായ ചർച്ചകളിൽ ഏർപ്പെടരുത്; ആത്മനിയന്ത്രണം പാലിക്കണം; സത്യമുള്ള വിമർശനം മാത്രം സ്വീകരിക്കുക. “വാക്കുകളുടെ പെരുപ്പത്തിൽ ലംഘനം ഇല്ലാതെ ഇരിക്കയില്ല” (സദൃശവാക്യം 10:19).

E. വ്യക്തിജീവിതത്തിൽ വിമർശനം

ഓരോ വ്യക്തിക്കും കുറവുകളും തെറ്റുകളും ഉണ്ടാകും. വിമർശനം സ്വയം വിലയിരുത്താനുള്ള കണ്ണാടിയായി ഉപയോഗിക്കണം. സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ: ഇതിൽ സത്യമുണ്ടോ? ഞാൻ എന്താണ് പഠിക്കേണ്ടത്? ഇത് എന്നെ എങ്ങനെ മെച്ചപ്പെടുത്തും? ദൈവം ഇതിലൂടെ എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടോ? “പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു.” (സദൃശവാക്യം 15:32).

F. വിമർശനം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിമർശനം സ്വീകരിക്കുന്നതുപോലെ അതു പറയുന്നതും പ്രധാനമാണ്. എങ്ങനെ വിമർശിക്കണം? സ്നേഹത്തോടെ പറയണം; സ്വകാര്യമായി പറയണം; അപമാനിക്കാതെ പറയണം; തെറ്റിനൊപ്പം പരിഹാരവും പറയണം; കോപത്തിൽ സംസാരിക്കരുത്; വ്യക്തിയെ അല്ല, പ്രവൃത്തിയെ തിരുത്തണം. “സൗമ്യതയുടെ ആത്മാവിൽ അങ്ങനെയുള്ളവനെ യഥാസ്ഥാനപ്പെടുത്തുവിൻ” (ഗലാത്യർ 6:1).

വിമർശനം ജീവിതത്തിന്റെ അവസാനമല്ല; അത് പലപ്പോഴും വളർച്ചയുടെ തുടക്കമാണ്. നാശകരമായ വിമർശനങ്ങളെ വിവേകത്തോടെ ഒഴിവാക്കുകയും സൃഷ്ടിപര വിമർശനങ്ങളെ വിനയത്തോടെ സ്വീകരിക്കുകയും ചെയ്യുന്നവർ ജീവിതത്തിൽ ഉയരും.

ഓരോ വിമർശനവും നമ്മെ തകർക്കാനല്ല വരുന്നത്; ചിലത് നമ്മെ ദൈവം രൂപപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. നമ്മുടെ കർത്താവായ യേശു പറഞ്ഞു: “ എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ ”. (മത്തായി 5:11). ജ്ഞാനിയായ വ്യക്തി വിമർശനത്തിൽ നിന്നും പാഠം പഠിച്ച് കൂടുതൽ പക്വതയിലേക്ക് വളരും. വിമർശനത്തെ ശരിയായി കൈകാര്യം ചെയ്യുന്നവൻ ജീവിതത്തിൽ സ്ഥിരതയും ആത്മീയ വിജയവും നേടും. കർത്താവ് നമുക്കെല്ലാവർക്കും വിവേകവും സൗമ്യതയും നൽകട്ടെ.

ജിക്സൻ ജെയിംസ് നവി മുബൈ