വിശ്വാസിയും ലോകത്തിന്റെ സ്വാധീനങ്ങളും

വിശ്വാസിയും ലോകത്തിന്റെ സ്വാധീനങ്ങളും

Pr. E. P. Samkutty
Pr. E. P. Samkutty
Overseer, CGI CWR

“ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.”Romans 12:2

ഇന്നത്തെ ലോകം അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ വളർച്ചയും ആധുനിക ജീവിതരീതികളും മനുഷ്യന്റെ ചിന്തകളെയും ജീവിതശൈലിയെയും ശക്തമായി സ്വാധീനിക്കുന്നു. ഈ ലോകത്തിൽ ജീവിക്കുന്ന ക്രിസ്തീയ വിശ്വാസികൾക്കും ലോകത്തിന്റെ സ്വാധീനങ്ങൾ വലിയ വെല്ലുവിളിയാകുന്നു. ദൈവവചനത്തിൽ ഉറച്ചുനിൽക്കാതെ പോയാൽ വിശ്വാസജീവിതം ക്ഷയിക്കുകയും ആത്മീയത നഷ്ടപ്പെടുകയും ചെയ്യും.

ലൗകിക സ്വാധീനം എന്താണ്?

ദൈവഹിതത്തിന് വിരുദ്ധമായ ചിന്തകളും ആഗ്രഹങ്ങളും ജീവിതരീതികളും ലോകീയതയുടെ ഭാഗമാണ്. പാപത്തെ സാധാരണവത്കരിക്കുന്ന സംസ്കാരവും ദൈവത്തെ അവഗണിക്കുന്ന ജീവിതശൈലിയും മനുഷ്യനെ ആത്മീയമായി ദുർബലനാക്കുന്നു.

ഇന്ന് മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, സിനിമകൾ, തെറ്റായ സൗഹൃദങ്ങൾ, ഭൗതിക മോഹങ്ങൾ എന്നിവ വിശ്വാസികളുടെ മനസ്സിനെ സ്വാധീനിക്കുന്നു. പലരും അറിയാതെ ലോകത്തിന്റെ രീതികളെ അനുകരിക്കാൻ തുടങ്ങുന്നു.

യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ

ഇന്നത്തെ യുവജനങ്ങൾ പ്രത്യേകിച്ച് കൂടുതൽ സമ്മർദ്ദങ്ങൾ നേരിടുന്നു:

  • അശുദ്ധമായ വിനോദങ്ങൾ
  • ലഹരിയുടെ ആകർഷണം
  • സോഷ്യൽ മീഡിയ അടിമത്തം
  • ദൈവഭയമില്ലാത്ത, യോഗ്യമല്ലാത്ത ബന്ധങ്ങൾ
  • പണത്തെയും പ്രശസ്തിയെയും മാത്രം ലക്ഷ്യമാക്കുന്ന ജീവിതം
  • കേവലം ചടങ്ങു മാത്രമായ ആത്മീയ ആരാധനയോടുള്ള വിരക്തി
  • വേണ്ടത്ര ഒരുക്കമില്ലാത്ത, ശബ്ദകോലാഹലങ്ങൾ മാത്രമുള്ള നാമമാത്ര പ്രസംഗങ്ങൾ

ഇവ യുവജനങ്ങളെ ദൈവത്തിൽ നിന്നും ദൈവിക ആരാധനയിൽ നിന്നും അകറ്റുന്നു. എന്നാൽ ദൈവം തന്റെ ജനത്തെ വിശുദ്ധജീവിതത്തിനാണ് വിളിച്ചിരിക്കുന്നത്.

ദൈവവചനം നമുക്ക് തരുന്ന മുന്നറിയിപ്പ്

1 John 2:15–17

“ലോകത്തെയും ലോകത്തിലുള്ളവയെയും സ്നേഹിക്കരുത്. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.

ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”

ഇതിന്റെ അർത്ഥം ലോകത്തിലെ മനുഷ്യരെ വെറുക്കുക എന്നല്ല; ദൈവഹിതത്തിന് വിരുദ്ധമായ ജീവിതരീതികളെ പിന്തുടരരുത് എന്നതാണ്. ക്രിസ്തീയ വിശ്വാസി ലോകത്തിൽ ജീവിക്കുമ്പോഴും ലോകത്തിന്റേതാകരുത്. ഉപ്പും വെളിച്ചവും പോലെ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നവരായിരിക്കണം.

ലൗകികതയെ ജയിക്കാൻ എന്ത് ചെയ്യണം?

1. ദൈവവചനത്തിൽ ഉറച്ചുനിൽക്കുക

John 17:16–17

“ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല. സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യം ആകുന്നു.”

ദിവസേന ബൈബിൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യണം. ദൈവവചനം മനസ്സിനെ ശുദ്ധീകരിക്കുന്നു. പാപത്തിൽ നിന്നും പാപചിന്തയിൽ നിന്നും നമ്മെ അകറ്റി നിർത്തുന്നു.

“ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.”

ദാവീദിനെപ്പോലെ നമുക്കും പ്രാർത്ഥിക്കാം:

“ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും അതിനെ പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്കേണമേ. നിന്നോടുള്ള ഭക്തിയെ വർദ്ധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയന്നു നിവർത്തിക്കേണമേ.”

2. പ്രാർത്ഥനാജീവിതം ശക്തമാക്കുക

പ്രാർത്ഥന വിശ്വാസിയെ ആത്മീയമായി ശക്തനാക്കുന്നു. പ്രാർത്ഥനയില്ലാത്ത ജീവിതം എളുപ്പത്തിൽ ലൗകികതയിലേക്ക് വീഴും.

“പാപം ചെയ്യുന്നവന് പ്രാർത്ഥിക്കാൻ കഴികയില്ല; അതുപോലെ പ്രാർത്ഥിക്കുന്നവന് പാപം ചെയ്യാനും കഴികയില്ല.”

വ്യക്തിപരമായ ആഴമായ പ്രാർത്ഥനജീവിതം ലോകചിന്തകളെ പ്രതിരോധിക്കാൻ നമ്മെ സഹായിക്കുന്നു.

3. നല്ല ആത്മീയ സഹവാസം പുലർത്തുക

Colossians 2:6–7

“ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ; അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.”

ആത്മീയ കൂട്ടായ്മ വിശ്വാസജീവിതത്തെ വളർത്തുന്നു. തെറ്റായ സൗഹൃദങ്ങൾ ആത്മീയ നാശത്തിലേക്കു നയിക്കും.

1 John 1:6–7

“അവനോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല.

അവൻ വെളിച്ചത്തിൽ ഇരിക്കുന്നതു പോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.”

4. പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ജീവിക്കുക

പരിശുദ്ധാത്മാവ് നമ്മെ പാപത്തിൽ നിന്ന് കാത്ത് വിശുദ്ധിയിൽ നടത്തുന്നു.

“പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.”

“അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.”

Galatians 5:16–17

“ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല എന്നു ഞാൻ പറയുന്നു. ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും വിരോധമായിരിക്കുന്നു.”

“ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.”

സഭയുടെ ഉത്തരവാദിത്വം

സഭ വിശ്വാസികളെ ആത്മീയമായി ശക്തരാക്കേണ്ടതാണ്. ഇന്നത്തെ കാലഘട്ടത്തിൽ പ്രസംഗങ്ങൾ കേവലം ആശ്വാസവാക്കുകളായി മാറാതെ, വിശുദ്ധിയിലേക്കും മാനസാന്തരത്തിലേക്കും നയിക്കുന്നതായിരിക്കണം.

യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ മാർഗ്ഗനിർദ്ദേശം നൽകേണ്ടത് സഭയുടെ വലിയ ഉത്തരവാദിത്വമാണ്.

ലോകത്തിന്റെ സ്വാധീനങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ക്രിസ്തീയ വിശ്വാസികൾ ജാഗ്രതയോടെ ജീവിക്കണം. ദൈവത്തോടുള്ള സ്നേഹവും വിശുദ്ധജീവിതവും നിലനിർത്തുമ്പോൾ ലൗകികതയെ ജയിക്കാൻ കഴിയും.

നമ്മുടെ ജീവിതം ലോകത്തിന്റെ മാതൃകയാകാതെ ക്രിസ്തുവിന്റെ അനുകാരികളായി, ദൈവഇഷ്ടം തിരിച്ചറിഞ്ഞു ലോകത്തിൽ ജീവിക്കുന്ന സാക്ഷികളായി ജീവിക്കാം.ദൈവം നമ്മെ വിശുദ്ധിയിലും ആത്മീയ ജാഗ്രതയിലും നിലനിറുത്തട്ടെ. ആമേൻ.